അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. അഡ്ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഓസീസ് പരന്പര സ്വന്തമാക്കിയത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.
ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 25 പന്ത് ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മാത്യൂ ഷോർട്ടിന്റെയും കൂപ്പർ കനോലിയുടെയും അർധ സെഞ്ചുറിയുടെയും മിച്ചൽ ഓവന്റെയും മാറ്റ് റെൻഷോയുടെയും മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്.
74 റൺസെടുത്ത മാത്യൂ ഷോർട്ടാണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഷോർട്ടിന്റെ ഇന്നിംഗ്സ്. 61 റൺസെടുത്ത കൂപ്പർ കനോലി പുറത്താകാതെ നിന്നു. ഓവൻ 36 റൺസും റെൻഷോ 30 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹർഷിത് റാണയും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്സർ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം എടുത്തു. ഓസീസ് താരം ആദം സാംപയാണ് കളിയിലെ താരം.